സൗത്ത് ആഫ്രിക്കയ്ക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബഥരീനാഥ്. മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ ബെഞ്ചിലിരുത്തി മോശം പ്രകടനം നടത്തുന്ന ഗില്ലിനെ പിന്തുണക്കുന്നതിനെ ബദരീനാഥ് എടുത്തുകാട്ടി.
മാത്രമല്ല മാനേജ്‌മെന്റ് സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സഞ്ജു സാംസണ്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആ കളിക്കാരനില്‍ നിന്ന് നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? അവനെ ബെഞ്ചിലിരുത്തിയത് കാണുന്നത് വേദനാജനകമാണ്. ശുഭ്മന്‍ ഗില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരനെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കണം.
മോശം പ്രകടനമുള്ള ഗില്ലാണ് ഇവിടെ വൈസ് ക്യാപ്റ്റന്‍.സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 183 ആണ്. എല്ലാവരും വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്. സഞ്ജു സാംസണും ജിതേഷ് ശര്‍മയും ഒരു സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.
ഗില്‍ ഒരു നല്ല കളിക്കാരനാണെന്നും, അവര്‍ സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറയുന്നു,’ ബദരീനാഥ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.പ്രോട്ടിയാസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മോശം പ്രകടനം നടത്തിയത്.
ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ പൂജ്യം റണ്‍സിനുമാണ് ഗില്‍ കൂടാരം കയറിയത്. സൂര്യ യഥാക്രമം 12, അഞ്ച് എന്നി ങ്ങനെയും റണ്‍സ് നേടി.ഓപ്പണര്‍ എന്ന നിലയില്‍ ഗില്‍ നിലവില്‍ 35 ഇന്നിങ്സില്‍ നിന്ന് 841 റണ്‍സാണ് നേടിയത്.
28.03 എന്ന ആവറേജും 140.40 എന്ന സ്ട്രൈക്ക് റേറ്റുമാണ് ഗില്ലിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഗില്‍ നേടി.
എന്നാല്‍ നേരത്തെ ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണ്‍ 17 ഇന്നിങ്‌സില്‍ നിന്ന് 522 റണ്‍സാണ് നേടിയത്. 32.62 എന്ന ആവറേജും 178.76 എന്ന സ്ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്.
ഗില്ലിനേക്കാളും മികച്ച സ്റ്റാറ്റ്സ് സഞ്ജുവിനുണ്ടായിട്ടും ടീമില്‍ താരത്തെ എടുക്കാക്കതില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.അതേസമയം ടി-20യില്‍ കഴിഞ്ഞ 20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും ക്യാപ്റ്റന്‍ സൂര്യയ്ക്ക് സാധിച്ചിട്ടില്ല.
ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ താരം അമ്പെ പരാജയപ്പെടുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം നാളെ (ഞായര്‍) ഹിമാചല്‍ പ്രദേശിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തിലാണ് നടക്കുക. നിലവില്‍ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന് പ്രോട്ടിയാസും വിജയിക്കുകയായിരുന്നു.
