ഭുവനേശ്വര്‍: ദേശീയ, പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് മൊക്വീമിനെതിരെ നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
ഒഡീഷ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യം എഐസിസി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് ഒഡീഷ പിസസി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു മുഹമ്മദ് മൊക്വീം സോണിയ ഗാന്ധിക്ക് കത്തയച്ചത്. സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മുഹമ്മദ് മൊക്വീം, പിസിസി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രായം സംബന്ധിച്ചുള്ള ആശങ്കകളും മുഹമ്മദ് മൊക്വീം ഉന്നയിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു കോണ്‍ഗ്രസിനകത്തുനിന്ന് ഉയര്‍ന്നത്.
പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട്ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ അത് ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്കിടയിലും സോണിയ ഗാന്ധിക്ക് കത്തയച്ചതില്‍ തെറ്റില്ലെന്ന നിലപാടിലാണ് മുഹമ്മദ് മൊക്വീം. സോണിയ ഗാന്ധിക്ക് കത്തയച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മുഹമ്മദ് മൊക്വീം പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് തന്നെ അകറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
