തിരുവനന്തപുരം: ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം. ‘അമ്മ സംഘടന ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം നടത്തുന്നുവെന്ന് കേട്ടു.
അത് ഇന്ന് ചെയ്തത് ശരിയായില്ല. എപ്പോൾ വേണമെങ്കിലും കൊടുക്കാമായിരുന്നു. പക്ഷെ ഇന്നലെ ഇന്നേവരെ നമ്മൾ അതിജീവിതയെന്ന് വിളിച്ച കുട്ടി പേരെഴുതി ഒരു പോസ്റ്റിട്ടിരുന്നു. അപ്പോൾ ഈ ആഘോഷം ഇന്ന് വേണ്ടായിരുന്നു’; മല്ലികാ സുകുമാരൻ പറഞ്ഞു.
വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി.
ഉയർന്ന നീതി ബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്’; അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതിജീവിതയുടെ കുറിപ്പ് വന്ന് നിമിഷങ്ങൾക്കകം വിചാരണാക്കോടതി വിധിക്കെതിരെ നടി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു.കോടതിയോട് ആദരവുണ്ടെന്നും ഈ വിഷയത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്. കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.
ഇത് ആസൂത്രണം ചെയ്‌തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളുവെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.
അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി മലയാള സിനിമാ മേഖലയിലെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റ് റീഷെയർ ചെയ്തു. നടൻ പൃഥ്വിരാജും അതിജീവിതയുടെ കുറിപ്പ് റീഷെയർ ചെയ്തിരുന്നു.
