കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക.

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ നിരവധി പ്രമുഖരാണ് കോട്ടയത്തെ ജഡ്ജിയമ്മാവനെ കാണാന്‍ എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തിലൊരു പ്രതിഷ്ഠ അപൂര്‍വാണ്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഈ ക്ഷേത്രത്തില്‍ എത്തിയത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി വഴിപാട് നടത്തിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷമായിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം.

2022 ലും ദിലീപ് ഇവിടെ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. ബലാത്സംഗക്കേസില്‍ അടക്കം കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്ഷേത്ര സന്ദര്‍ശനം. ഇന്നലെ വൈകിട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.

ക്രിക്കറ്റ് താരം ശ്രീശാന്താണ് ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയ പ്രമുഖരില്‍ മറ്റൊരാള്‍. വാതുവെപ്പ് കോഴക്കേസ് വന്നപ്പോഴായിരുന്നു ശ്രീശാന്ത് ഇവിടെ എത്തിയത്. സോളാര്‍ കേസിലെ പരാതിക്കാരിയായ സരിത എസ് നായരും മുന്‍പ് ഇവിടെ വന്നിട്ടുണ്ട്.

സോളാര്‍ കേസിലെ കോടതി വ്യവഹാരങ്ങള്‍ക്കിടെയായിരുന്നു സരിതയുടെ ക്ഷേത്ര സന്ദര്‍ശനം. ആര്‍ ബാലകൃഷ്ണപിള്ള, പ്രയാഗ് ഗോപാലകൃഷ്ണന്‍, ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, ഭാമ, തമിഴ്‌ നടന്‍ വിശാല്‍ തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാഗ് ഗോപാലകൃഷ്ണനും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി നടപടികള്‍ക്കിടെയായിരുന്നു പ്രയാഗ് ഗോപാലകൃഷ്ണന്‍ ‘ജഡ്ജിയമ്മാവന്’ മുന്നിലെത്തിയത്.

എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് വേണ്ടി അനുയായികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ജയലളിതയുടെ തോഴിയും ഒരുഘട്ടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വരെയാകുകയും ചെയ്ത വി കെ ശശികലയ്ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ എത്തി വഴിപാട് നടത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *