വീണ്ടും വൈകാരികവും ശക്തവുമായി പ്രതികരിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. തനിക്കെതിരെ അക്രമം നടന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്ന് വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. കേസിൽ 20 വർഷം കഠിന തടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തു വിട്ട വിവാദ വിഡിയോയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം.
ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപെ ഒരു വിഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!! ഇരയല്ല, അതിജീവിതയല്ല, വെറുമൊരു മനുഷ്യൻ മാത്രം!! എന്നെ ജീവിക്കാൻ അനുവദിക്കൂകേസിൽ പ്രതിയായ മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഒരു വിഡിയോ പുറത്തു വിട്ടിരുന്നു.
പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമച്ചതാണെന്നും നടി വെളിപ്പെടുത്തിയതും കോടതിയിൽ തെളിഞ്ഞതുമായ കാര്യങ്ങൾ വാസ്തവമല്ലെന്നും ആരോപിച്ചായിരുന്നു മാർട്ടിന്റെ വിഡിയോ. ഇതിനെതിരെ അതിജീവിത നിയമനടപടി ആവശ്യപ്പെട്ടിരുന്നു.
