ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം വീണ്ടും ചര്‍ച്ചയാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി. ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഹസ്തദാനം ചെയ്യുന്ന കാര്യത്തിൽ പാകിസ്താന് പ്രത്യേക താൽപര്യമില്ലെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ നഖ്‌വി വ്യക്തമാക്കിയത്.
ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നോ അതിന് അനുസരിച്ച നിലപാടായിരിക്കും പാകിസ്താനും സ്വീകരിക്കുക. മുന്നോട്ടും ആ നയം തന്നെ തുടരും. ഇന്ത്യ ഒന്ന് ചെയ്യുമ്പോള്‍ പിന്നിലേക്ക് മാറി നില്‍ക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല. വഴങ്ങില്ല. കളിയില്‍ പാകിസ്താന്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി രണ്ടുവട്ടമാണ് എന്നെ വിളിച്ച് പറഞ്ഞത്.
തുടക്കം മുതല്‍ പാകിസ്താന്‍റെ നിലപാടും അതുതന്നെയായിരുന്നു’ നഖ്‌വി വിശദമാക്കി.കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടി20 മത്സരം മുതലാണ് പഹൽഗാം സംഭവം മുൻനിർത്തി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു തുടങ്ങിയത്.
പിന്നാലെ ഒക്ടോബറിൽ നടന്ന വനിതാ ലോകകപ്പിലും അണ്ടർ 19 പുരുഷ ഏഷ്യാ കപ്പിലും റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിലുമെല്ലാം ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്തിരുന്നില്ല.
