പതിനാലുകാരനായ വൈഭവ് സൂര്യവംശി ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായി മാറി. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ വൈഭവ്, ഇപ്പോൾ പാകിസ്താൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വാർത്തകളിൽ നിറയുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ നായകനായും താരം ചരിത്രം കുറിച്ചു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ 74 പന്തിൽ 127 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശി ചരിത്രനേട്ടത്തിൽ. 16 വയസ്സിന് മുമ്പ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യൂത്ത് ഏകദിന സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്.
മത്സരത്തിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട വൈഭവ്, ബാബർ അസമിന്റെ റെക്കോർഡും ഇതോടെ പഴങ്കഥയാക്കി.യൂത്ത് ഏകദിന ക്രിക്കറ്റിലെ വൈഭവിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. 16 വയസ്സിന് മുമ്പ് രണ്ട് സെഞ്ച്വറികളായിരുന്നു ബാബർ അസമിന്റെ പേരിലുണ്ടായിരുന്നത്. 16 തികയും മുമ്പ് യൂത്ത് ഏകദിന സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാണ് വൈഭവ്.
ഇന്ത്യ അണ്ടർ-19 ടീമിനെ നയിച്ച് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരുകയെന്ന അപൂർവ നേട്ടവും വൈഭവ് സ്വന്തമാക്കി. യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡും താരം സ്വന്തമാക്കി.
