വിരാട് കോഹ്‌ലി ഫോം തെളിയിക്കാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്. കരിയറിലെ മികച്ച ഫോമിലുള്ള താരത്തോട് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പറയുന്നത് ബാലിശമാണെന്നും കൈഫ് വ്യക്തമാക്കി. 

വിരാട് കോഹ്‌ലിയുടെ സ്ഥിരതയെയും പാഷനെയും പ്രശംസിച്ച് മുഹമ്മദ് കൈഫ്. നിരന്തരമായി ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും റൺസ് നേടാനും സെഞ്ച്വറികൾ നേടാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണെന്നും, കളിയിലുള്ള അറിവും തയ്യാറെടുപ്പും പകരം വെക്കാനില്ലാത്തതാണെന്നും കൈഫ് പറഞ്ഞു.

സെഞ്ച്വറികളുമായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോം തുടരുന്ന കോഹ്‌ലിയെ സാധാരണ താരങ്ങളെപ്പോലെ അളക്കാനാവില്ലെന്ന് കൈഫ് പറഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രകടനത്തെ വിലയിരുത്തി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.

ഏകദിന ടീമിൽ തുടരണമെങ്കിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നേരത്തെ നിർദേശം നൽകിയിരുന്നു.

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് 240 റൺസാണ് കോഹ്‌ലി നേടിയത്. ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം സിഡ്‌നി ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ കോഹ്‌ലി പിന്നീട് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് വിരാട് കോഹ്‌ലി 616 റൺസ് നേടി. 108 സ്‌ട്രൈക്ക് റേറ്റിലും 123 ശരാശരിയിലുമാണ് താരം ബാറ്റ് ചെയ്യുന്നത്. ഈ കാലയളവിൽ മൂന്ന് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *