ന്യൂസിലൻഡിനെതിരായ പരമ്പരയിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് സഞ്ജു സാംസണിന്റെ ഫോം കടുത്ത വിമർശനത്തിന് വിധേയമാകുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്നതും മൂന്നാം പോരാട്ടത്തിൽ ഗോൾഡൻ ഡക്കായതും താരത്തിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഇഷാൻ കിഷന്റെ മികച്ച പ്രകടനം സഞ്ജുവിനെതിരായ വിമർശനങ്ങൾ ശക്തമാക്കി.

വിഷയത്തിൽ പ്രതികരിച്ച മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്, സഞ്ജു സാംസണിന് ടീം ഒന്നോ രണ്ടോ അവസരങ്ങൾ കൂടി നൽകണമെന്നും അത് താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.

“ഇനി ലഭിക്കുന്ന അവസരങ്ങളിലും റൺസ് നേടാനായില്ലെങ്കിൽ, ഇഷാൻ കിഷൻ ഉടൻതന്നെ ഇന്ത്യൻ ടീമിന്റെ ഓപ്പണറാകുന്നത് കാണേണ്ടിവരു”മെന്ന് ഹർഭജൻ സിംഗ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.”

സഞ്ജുവിന് റൺസ് നേടാനായില്ലെങ്കിൽ ഇഷാൻ കിഷൻ സ്വാഭാവികമായും ടീമിന്റെ ഓപ്പണറാകും, അതിനാൽ സഞ്ജുവിന് ഒന്നോ രണ്ടോ അവസരം കൂടി നൽകണം” എന്ന് ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു.ഏഷ്യാ കപ്പിന് ശേഷം കിവീസ് പരമ്പരയിലാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചത്.

വരാനിരിക്കുന്ന ലോകകപ്പ് സ്ക്വാഡിൽ വിക്കറ്റ് കീപ്പർ – ഓപ്പണറായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ പരമ്പരയിലെ മങ്ങിയ പ്രകടനം താരത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കിവീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. ഫോം മങ്ങിയതോടെ ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം ഭീഷണിയിലായിരിക്കുകയാണ്. തിലക് വർമ്മ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ സഞ്ജു പുറത്തിരിക്കേണ്ടി വരുമെന്ന് വിമർശകർ പറയുന്നുണ്ടെങ്കിലും, അവസാന മത്സരങ്ങളിൽ താരം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Leave a Reply

Your email address will not be published. Required fields are marked *