ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിൽ ഇപ്പോൾ വലിയ അന്തരമുണ്ടെന്നും പാകിസ്താനെ പരാജയപ്പെടുത്തുന്നത് ഒരു ‘കുഞ്ഞൻ ടീമിനെ’ തോൽപ്പിക്കുന്നത് പോലെ ഇന്ത്യയ്ക്ക് അനായാസമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

സ്റ്റാർ സ്പോർട്സിലെ ചർച്ചയ്ക്കിടെയാണ് പാകിസ്താൻ ഇപ്പോൾ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് മഞ്ജരേക്കർ തുറന്നടിച്ചത്.ഇന്ത്യ തോൽപ്പിക്കേണ്ടത് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ കരുത്തരായ ടീമുകളെയാണെന്നും എങ്കിൽ മാത്രമേ അഭിമാനം തോന്നേണ്ടതുള്ളൂ എന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

90-കളിൽ പാകിസ്താനെ തോൽപ്പിക്കുന്നത് വലിയ കാര്യമായിരുന്നുവെങ്കിലും ഇപ്പോൾ അവരെ പരാജയപ്പെടുത്തുന്നത് ഒരു കൊച്ചു ടീമിനെ തോൽപ്പിക്കുന്നത് പോലെ ലളിതമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

ഏഷ്യാ കപ്പിലടക്കം പാകിസ്താന്റെ തകർച്ച കണ്ടതാണെന്നും ഇന്ത്യ-പാക് പോരാട്ടങ്ങളെക്കുറിച്ച് പുറത്ത് വലിയ ചർച്ചകൾ നടക്കാറുണ്ടെങ്കിലും മൈതാനത്ത് ഇപ്പോൾ ആ പഴയ ആവേശമില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വെറും മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനായതെന്നും ഇരുരാജ്യങ്ങളിലെയും യുവനിരകൾ തമ്മിൽ വലിയ അന്തരമുണ്ടെന്നും സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ-പാക് മത്സരം ഇപ്പോൾ ഒരു വലിയ സംഭവമല്ലെന്നും പാകിസ്ഥാൻ പിന്മാറിയാൽ അത് ലോകകപ്പിന്റെ മൂല്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വെറും മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്.

2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2021-ലെ ടി20 ലോകകപ്പ്, 2022-ലെ ഏഷ്യ കപ്പ് എന്നിവയാണ് ആ മത്സരങ്ങൾ. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിൽ ഫൈനലിലടക്കം തുടർച്ചയായി മൂന്ന് തവണ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിച്ചു.

ഈ കണക്കുകൾ നിരത്തിയാണ് ഇന്ത്യ-പാക് പോരാട്ടം ഇപ്പോൾ ഏകപക്ഷീയമായി മാറിയെന്ന് സഞ്ജയ് മഞ്ജരേക്കർ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *