ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യ ഫെബ്രുവരി 15-ന് പാകിസ്താനെ നേരിടും. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യുഎസ്എ, നമീബിയ ടീമുകൾക്കെതിരായ തകർപ്പൻ ഫോം പാകിസ്താനെതിരെയും ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
ലോകകപ്പ് ഉദ്ഘാടന ചടങ്ങിനിടെ നോറ ഫത്തേഹിയുടെ നൃത്തം ആസ്വദിക്കുന്ന സൂര്യകുമാർ യാദവിന്റെ വീഡിയോ വൈറലാകുന്നു. ഡ്രെസ്സിംഗ് റൂമിലിരുന്ന് പ്രകടനം കാണുന്ന സൂര്യയെ ഭാര്യ ദേവിഷ ഷെട്ടി ക്യാമറയിൽ പകർത്തുന്ന രസകരമായ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഭാര്യ ദേവിഷ വീഡിയോ എടുക്കുന്നത് കണ്ടതും സൂര്യ ചിരിയോടെ തംബ്‌സ് അപ്പ് കാട്ടി. തൊട്ടുപിന്നാലെ അർഷ്ദീപും ഇഷാനും ക്യാപ്റ്റനെ കളിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ‘4K-യിൽ കൈയോടെ പിടികൂടി’ എന്ന പേരിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
