രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകനെ ഇന്ന് പ്രഖ്യാപിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതോടെയാണ് ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. രവീന്ദ്ര ജഡേജയോ യശസ്വി ജയ്‌സ്വാളോ നായകനാകുമെന്ന് കരുതിയിരുന്നെങ്കിലും, ഇവരെ രണ്ടുപേരെയും തഴഞ്ഞ് മറ്റൊരു താരം സർപ്രൈസ് ക്യാപ്റ്റനായി എത്തുമെന്നാണ് സൂചന.
സഞ്ജുവിന് പകരക്കാരനായി റിയാൻ പരാഗ് രാജസ്ഥാൻ റോയൽസ് നായകനായേക്കും. കുമാർ സംഗക്കാരയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പരാഗിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്.
ജയ്‌സ്വാൾ, ജുറെൽ എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും വൈകിട്ട് നാലുമണിക്ക് പരാഗിനെ നായകനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ജഡേജയെയും ജയ്‌സ്വാളിനെയും മറികടന്നാണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിന്റെ നായകനാകുന്നത്. ടീമിനെ നയിക്കാൻ ജയ്‌സ്വാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, അനുഭവസമ്പത്ത് കണക്കിലെടുത്ത് പരാഗിനെ മതിയെന്ന തീരുമാനത്തിൽ കുമാർ സംഗക്കാര ഉറച്ചുനിൽക്കുകയായിരുന്നു.
ഇന്ന് വൈകിട്ടോടെ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങളിൽ ടീമിനെ നയിച്ചെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് പരാഗിന് വിജയം നേടാനായത്.
അതേസമയം, 18 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരക്കാരനായാണ് സഞ്ജു സിഎസ്‌കെയിലെത്തിയത്.