നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് നാളെ കളമൊരുങ്ങുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ ആദ്യം നിലപാടെടുത്തെങ്കിലും, ഐസിസി ഇടപെടൽ ശക്തമാക്കിയതോടെ അവർ മത്സരത്തിന് തയ്യാറാവുകയായിരുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം കായികലോകത്ത് വലിയ ആവേശമാണ് ഉയർത്തുന്നത്.

മത്സരം നടക്കാനിരിക്കുന്ന കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ മഴ ഭീഷണിയായി തുടരുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം കളിസമയത്ത് 50% മുതൽ 65% വരെ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ പെയ്താൽ മത്സരം തടസ്സപ്പെടാനോ ഉപേക്ഷിക്കാനോ സാധ്യതയുള്ളത് ഇരു ടീമുകൾക്കും വലിയ തിരിച്ചടിയാണ്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മേഘാവൃതമായ ആകാശത്തിനുമാണ് കൊളംബോയിൽ സാധ്യത പ്രവചിക്കപ്പെടുന്നത്. ഏകദേശം 28°C താപനില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മത്സരത്തിന് തൊട്ടുമുമ്പ് മഴയെത്തിയാൽ കളി വൈകാനോ തടസ്സപ്പെടാനോ സാധ്യതയുണ്ട്.

ആവേശകരമായ ഒരു പോരാട്ടം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഈ കാലാവസ്ഥാ റിപ്പോർട്ട് വലിയ നിരാശയാണ് നൽകുന്നത്.കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ സ്പിന്നർമാരുടെ പ്രകടനം നിർണ്ണായകമാകും. മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കാൻ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് വരുൺ ചക്രവർത്തിയെയും അക്സർ പട്ടേലിനെയുമാണ്. പിച്ചിന്റെ സ്വഭാവം പരിഗണിച്ച് റിങ്കു സിംഗിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന കരുത്തുറ്റ സ്പിൻ നിരയിലാണ് പാകിസ്താന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ഇവരുടെ മികച്ച പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. കൊളംബോയിലെ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ തങ്ങളുടെ സ്പിന്നർമാർക്ക് കഴിയുമെന്നാണ് പാക് ക്യാമ്പ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *