നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ അവസരം പാഴാക്കിയെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് വിമർശിച്ചു. ഫോം തെളിയിക്കാൻ ലഭിച്ച മികച്ച അവസരം ബുദ്ധിശൂന്യമായ കളിയിലൂടെ സഞ്ജു നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം തുറന്നടിച്ചു.

താരം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും മുൻ സെലക്ടർ കൂടിയായ ശ്രീകാന്ത് കൂട്ടിിച്ചേർത്തു.അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, വലിയ ഷോട്ടുകൾക്ക് പിന്നാലെ സിംഗിളെടുത്ത് ബുദ്ധിപരമായി കളിക്കണമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു.

ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് താരം പാഴാക്കിയത്. എത്ര അവസരങ്ങൾ നൽകിയാലും സഞ്ജു വലിയ സ്കോറുകൾ നേടുന്നില്ല എന്ന പഴി കേൾക്കാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഞ്ജുവിന്റെ സമീപകാലത്തെ ടി20 പ്രകടനങ്ങൾ മോശമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീകാന്ത്, ഇഷാൻ കിഷന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി.

24 പന്തിൽ 61 റൺസെടുത്ത ഇഷാന്റെ സിക്സറുകൾ ഇന്ത്യ ഗേറ്റിലേക്കും രാഷ്ട്രപതി ഭവനിലേക്കുമാണ് പറന്നതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.സഞ്ജുവിന് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും ഇഷാനെപ്പോലെ തകർത്തടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നമീബിയയ്ക്കെതിരെ 8 പന്തിൽ 3 സിക്‌സറും ഒരു ഫോറുമടക്കം 22 റൺസെടുത്ത സഞ്ജു, മികച്ച തുടക്കം കിട്ടിയിട്ടും അശ്രദ്ധമായ ഷോട്ടിലൂടെ പുറത്തായി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് പിന്തുടർന്ന നമീബിയ 116 റൺസിന് ഓൾഔട്ടായി. ഇതോടെ 93 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *