ഇന്ന് (ഫെബ്രുവരി 15) രാത്രി 7 മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. പകൽ സമയം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരസമയത്ത് മഴ കുറയാനാണ് കാലാവസ്ഥാ പ്രവചനം.ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചെത്തുന്ന ഇന്ത്യയും പാകിസ്ഥാനും ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ സൂപ്പർ 8 യോഗ്യത ഉറപ്പിക്കാം.
മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കുകയും ഒന്നിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും.
ഐ.സി.സി ലോകകപ്പുകളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 16 പോരാട്ടങ്ങളിൽ 15-ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏകദിന ലോകകപ്പിലെ എട്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോൾ, ടി-20 ലോകകപ്പിലെ എട്ടിൽ ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയം കൊയ്തത്.
2021 ടി-20 ലോകകപ്പിൽ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനായത്. അന്ന് ദുബായിൽ നടന്ന മത്സരത്തിൽ ബാബർ അസമും റിസ്വാനും ചേർന്ന് പത്ത് വിക്കറ്റിന്റെ വിജയം പാകിസ്ഥാന് നേടിക്കൊടുത്തു.
ഐ.സി.സി ലിമിറ്റഡ് ഓവർ ലോകകപ്പുകളിൽ ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന റെക്കോർഡും ഇന്ത്യയുടെ പേരിലാണ്. പാകിസ്ഥാനെതിരെ ഇന്ത്യ പുലർത്തുന്ന ഈ അപ്രമാദിത്വം ലോക ക്രിക്കറ്റിലെ തന്നെ അപൂർവ നേട്ടമാണ്.
