സിംബാബ്‌വേയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ലോകകപ്പ് സൂപ്പർ എട്ട് പ്രതിസന്ധിയിലായ ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡിന് പകരക്കാരനായി സൂപ്പർ താരം സ്റ്റീവ് സ്മിത്ത് ടീമിലെത്തും. സ്മിത്തിന്റെ മടങ്ങിവരവ് തകർന്ന ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകും.
2025–26 ബിഗ് ബാഷ് ലീഗിലെ തകർപ്പൻ പ്രകടനമാണ് സ്മിത്തിനെ വീണ്ടും ടീമിലെത്തിച്ചത്. സിഡ്‌നി സിക്‌സേഴ്‌സിനായി ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളും അടക്കം 299 റൺസാണ് താരം അടിച്ചുകൂട്ടിയത്. 167.97 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലുള്ള ഈ പ്രകടനം ഓസ്‌ട്രേലിയൻ ബാറ്റിങ്ങിന് പുതിയ വേഗത നൽകും.
“2024 ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെയാണ് സ്മിത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ടി20 കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കായി 67 മത്സരങ്ങളിൽ നിന്നായി 1,094 റൺസ് നേടിയ അദ്ദേഹത്തിന് ഈ ഫോർമാറ്റിൽ മികച്ച പരിചയസമ്പത്തുണ്ട്.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഓസീസിന്, സൂപ്പർ എട്ടിലേക്ക് മുന്നേറാൻ ഇന്ന് ശ്രീലങ്കയുമായുള്ള നിർണ്ണായക പോരാട്ടത്തിൽ ജയം അനിവാര്യമാണ്.”
