2026 ടി-20 ലോകകപ്പിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോഴും ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോം വലിയ ആശങ്കയാകുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരം ഡക്കായി (0 റൺസ്) പുറത്തായി.
ആകെ നേരിട്ട 8 പന്തുകളിലും റണ്ണൊന്നും നേടാനാകാത്ത അഭിഷേകിന്റെ മോശം പ്രകടനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായി ലഭിച്ച ഒരൊറ്റ അവസരം സഞ്ജു സാംസൺ ഗംഭീരമായി വിനിയോഗിച്ചു.
നമീബിയക്കെതിരെ വെറും 8 പന്തിൽ നിന്ന് 3 സിക്സും ഒരു ഫോറുമടക്കം 22 റൺസ് താരം അടിച്ചുകൂട്ടി. 275 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത സഞ്ജുവിനെ വരും മത്സരങ്ങളിലും ഓപ്പണറാക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്.
സൂപ്പർ-8 പോരാട്ടത്തിൽ ആര് ഓപ്പണറാകുമെന്നത് ഉറ്റുനോക്കുകയാണ് ആരാധകർ. ഫോം ഔട്ടായ അഭിഷേകിന് പകരം സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ടി-20യിൽ സഞ്ജു നേടിയ മൂന്ന് സെഞ്ച്വറികളിൽ രണ്ടെണ്ണം പ്രോട്ടീസിനെതിരെ ആയതിനാൽ, ഈ മത്സരത്തിൽ സഞ്ജുവിനെ ഇറക്കുന്നത് ഇന്ത്യക്ക് വലിയ കരുത്താകും.
ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. പകരം വന്ന ഇഷാൻ കിഷൻ അവസരം മുതലാക്കിയതോടെ സഞ്ജുവിന് സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നു. എന്നാൽ, നമീബിയക്കെതിരെ കിട്ടിയ ഏക അവസരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു ഇപ്പോൾ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു അവസരം കൂടി ലഭിച്ചാൽ താരം ടീമിൽ സ്ഥാനം ഉറപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
