‘മിഥുനം’ സിനിമയിലെ ജഗതിയെപ്പോലെ 300 റൺസ് വിസ്ഫോടനം പ്രതീക്ഷിച്ച് ഓരോ മത്സരത്തിലും കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. എട്ട് ബാറ്റർമാരുണ്ടായിട്ടും ദുർബല ടീമുകൾക്കെതിരായ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്ക് ഒരു തവണ മാത്രമാണ് 200 കടക്കാനായത്.

ഓരോ തവണയും ചില താരങ്ങളുടെ ഒറ്റപ്പെട്ട രക്ഷാപ്രവർത്തനമാണ് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധമെന്ന് കരുതിയ അഭിഷേക് ശർമ ഇപ്പോൾ ടീമിന് വലിയ തലവേദനയായി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതും സ്പിന്നിന് മുന്നിലെ ദൗർബല്യങ്ങളും താരത്തിന് തിരിച്ചടിയായി. ഐപിഎൽ പ്ലേഓഫ് മുതൽ ഏഷ്യാ കപ്പ് വരെയുള്ള നിർണായക മത്സരങ്ങളിലെ മോശം ഫോം അഭിഷേകിന്റെ സ്ഥാനത്തിന് ഭീഷണിയുയർത്തുന്നു.2026 ട്വന്റി20 ലോകകപ്പിൽ ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യക്ക് വലിയ പ്രതിസന്ധിയായി.

ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും (യുഎസ്എ, പാകിസ്താൻ, നെതർലൻഡ്സ്) പൂജ്യത്തിന് പുറത്തായ അഭിഷേക്, നിലവിൽ ഹാട്രിക് ഡെക്കുകളുടെ നാണക്കേടിലാണ്. ഓഫ് സ്പിന്നർമാർക്കെതിരെ പതറുന്ന താരത്തിന്റെ മാനസിക സമ്മർദ്ദമാണ് ഈ തകർച്ചയ്ക്ക് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സൂപ്പർ എട്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ, അഭിഷേകിന് പകരം സഞ്ജു സാംസണെയോ ഇഷാൻ കിഷനെയോ ഓപ്പണിങ്ങിൽ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.പവർപ്ലേയിൽ ഇഷാൻ കിഷൻ നൽകുന്ന മികച്ച തുടക്കം മധ്യ ഓവറുകളിൽ ഇന്ത്യ പാഴാക്കുന്നു.

ഇതിൽ പ്രധാനി വൺഡൗൺ ഇറങ്ങുന്ന തിലക് വർമയാണ്. ലോകകപ്പിൽ വെറും 120 സ്ട്രൈക്ക് റേറ്റുള്ള തിലക്, ക്രീസിൽ നിലയുറപ്പിക്കാൻ അനാവശ്യമായി ഡോട്ട് ബോളുകൾ വഴങ്ങുന്നത് ടീമിന് വലിയ തിരിച്ചടിയാകുന്നു.

തിലക് വർമയും സൂര്യകുമാർ യാദവും മധ്യ ഓവറുകളിൽ സ്കോറിങ് ഇഴയിപ്പിക്കുന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുന്നു. പാകിസ്താനെതിരെ 34 പന്തിൽ 38 റൺസ് മാത്രം നേടിയ ഈ സഖ്യം, നമീബിയയ്ക്കും നെതർലൻഡ്സിനുമെതിരായ മത്സരങ്ങളിലും സമാനമായ മെല്ലെപ്പോക്ക് ആവർത്തിച്ചു.

പവർപ്ലേയിലെ ആധിപത്യം മധ്യ ഓവറുകളിൽ നിലനിർത്താൻ കഴിയാത്തത് ടീം ടോട്ടലിനെ കാര്യമായി ബാധിക്കുന്നുണ്ട്.

ടോപ് ഓർഡറിലെ ആറ് ഇടംകൈയ്യൻ ബാറ്റർമാരെ തളയ്ക്കാൻ എതിരാളികൾ ഓഫ് സ്പിൻ ആയുധമാക്കുന്നു. പാകിസ്ഥാൻ, നെതർലൻഡ്സ്, നമീബിയ ടീമുകൾ ഈ തന്ത്രത്തിലൂടെ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി.

പാർട്ട് ടൈം ഓഫ് സ്പിന്നർമാർക്കെതിരെ പോലും പതറിയ ഇന്ത്യ, ഗ്രൂപ്പ് റൗണ്ടിൽ നഷ്ടമായ 31 വിക്കറ്റുകളിൽ 11 എണ്ണവും ഇത്തരത്തിലാണ് വഴങ്ങിയത്.സൂപ്പർ 8 റൗണ്ടിലേക്ക് കടക്കുമ്പോൾ ഇന്ത്യയുടെ ഫീൽഡിങ് പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നു.

ലോകകപ്പിലെ 20 ടീമുകളിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈവിട്ട രണ്ടാമത്തെ ടീമാണ് ഇന്ത്യ (9 എണ്ണം). ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് അടക്കമുള്ള പ്രമുഖ താരങ്ങൾ വരുത്തിയ ഈ വീഴ്ചകൾ നിർണായക മത്സരങ്ങളിൽ ടീമിന് തിരിച്ചടിയായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *