ടി20 ലോകകപ്പ് സൂപ്പർ 8-ലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എ ജേതാക്കളായ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സിംബാബ്വേ, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.
അഭിഷേക് ശർമയുടെ ഫോമില്ലായ്മയും സ്പിന്നിനെ നേരിടുന്നതിലെ പോരായ്മയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. എങ്കിലും സഞ്ജു സാംസൺ, കുൽദീപ് യാദവ് തുടങ്ങിയ മികച്ച താരങ്ങൾ ബെഞ്ചിലുള്ളത് ടീമിന് ആത്മവിശ്വാസം പകരുന്നു.
സ്ഥിരതയാർന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്തെങ്കിലും കേശവ് മഹാരാജിനെ മാത്രം ആശ്രയിക്കുന്ന സ്പിൻ നിര അവർക്ക് തിരിച്ചടിയായേക്കാം. 2024-ലെ ഫൈനലിൽ ഇന്ത്യയോടേറ്റ 7 റൺസിൻ്റെ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് പ്രോട്ടീസ് ഇന്നിറങ്ങുന്നത്.
നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യക്ക് ഫെബ്രുവരി 26-ന് സിംബാബ്വേയുമായും മാർച്ച് 1-ന് വെസ്റ്റ് ഇൻഡീസുമായും മത്സരങ്ങളുണ്ട്. മാർച്ച് 4, 5 തീയതികളിൽ സെമി ഫൈനലുകളും മാർച്ച് 8-ന് കലാശപ്പോരാട്ടവും നടക്കും.
