2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവേശകരമായ ആവർത്തനത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. രാത്രി 7 മണിക്ക് ആരംഭിക്കുന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
കഴിഞ്ഞ ഫൈനലിൽ അവസാന ഓവറിലെ നാടകീയ വിജയത്തിലൂടെ കിരീടം ചൂടിയ ഇന്ത്യ, ആ ആധിപത്യം തുടരാനാകും ഇന്ന് ലക്ഷ്യമിടുന്നത്.ഗ്രൂപ്പ് എയിൽ നിന്ന് പാകിസ്ഥാൻ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകളെ തകർത്ത് തോൽവിയറിയാതെയാണ് ഇന്ത്യ വരുന്നത്.
മറുഭാഗത്ത് ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ എന്നിവരെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയും അപരാജിത കുതിപ്പിലാണ്. ഇതോടെ ഇന്നത്തെ പോരാട്ടം സൂപ്പർ എട്ടിലെ ഏറ്റവും കടുപ്പമേറിയ ഒന്നായി മാറും.അഭിഷേക് ശർമയുടെ ഫോം ഔട്ടും തിലക് വർമയുടെ മെല്ലെപ്പോക്കും ഇന്ത്യക്ക് ആശങ്കയാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു റൺസ് പോലും നേടാനാകാത്ത അഭിഷേകിന് പകരം സഞ്ജു സാംസണെ പരീക്ഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും പകരക്കാരനായി സഞ്ജു സാംസൺ ഇലവനിൽ എത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇന്ത്യൻ ബൗളിംഗ് കരുത്തുറ്റതാണെങ്കിലും, എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് നിരയിലെ താരങ്ങളുടെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യക്ക് അനുകൂലമായേക്കാം.
സൂപ്പർ എട്ടിലെ ഇന്നത്തെ മറ്റൊരു പോരാട്ടത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്കയിലെ പല്ലെകെലെ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിക്കാണ് മത്സരം. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ശ്രീലങ്കയും ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും എത്തുന്നതോടെ മത്സരം ആവേശകരമാകും.
