അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പതറുന്നു. 12.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിലുള്ള ടീമിന്റെ പ്രതീക്ഷ ഇനി ക്രീസിലുള്ള ഹാർദിക് പാണ്ഡ്യയിലും ശിവം ദുബെയിലുമാണ്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യക്ക് മോശം തുടക്കം ലഭിച്ചു.
അഭിഷേക് ശർമ്മ (15), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (18), വാഷിങ്ടൺ സുന്ദർ (11) എന്നിവരും വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായി.ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കൃത്യതയാർന്ന പ്രകടനം ഇന്ത്യയെ പ്രതിരോധത്തിലാക്കി.
പവർപ്ലേയിൽ വെറും 31 റൺസ് മാത്രം നേടിയ ഇന്ത്യക്ക്, മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവരുടെ ഇരട്ട വിക്കറ്റ് പ്രകടനമാണ് കനത്ത തിരിച്ചടിയായത്.തുടക്കത്തിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും (65), ഡിവാൾഡ് ബ്രെവിസും (45) ചേർന്നാണ് കരകയറ്റിയത്.
എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യൻ ബൗളർമാർ റണ്ണൊഴുക്ക് നിയന്ത്രിക്കുകയും ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസിൽ ഒതുക്കുകയും ചെയ്തു.തുടക്കത്തിൽ തന്നെ മർക്രം, ഡി കോക്ക്, റിക്കിൾട്ടൺ എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.
ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റും അർഷ്ദീപ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ, ദുബെയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം നേടി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മില്ലർ, ജാൻസൻ, മഹാരാജ്, എൻഗിടി എന്നിവർ തിരിച്ചെത്തി. ഇന്ത്യൻ നിരയിൽ തുടർച്ചയായി പരാജയപ്പെടുന്ന അഭിഷേക് ശർമ്മയെ നിലനിർത്തിയപ്പോൾ, സഞ്ജു സാംസൺ ഇന്നും ടീമിലിടം പിടിച്ചില്ല.
2024 ടി20 ലോകകപ്പ് ഫൈനലിൽ ഉറച്ച വിജയത്തിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ അദ്ഭുതകരമായി തളച്ച് ഇന്ത്യ കിരീടം ചൂടി. തോൽവിയോടെ ദക്ഷിണാഫ്രിക്ക ‘കിരീടമില്ലാത്ത രാജാക്കന്മാർ’ എന്ന പേര് മാറ്റാനാകാതെ വീണ്ടും മടങ്ങി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം സൂപ്പർ എട്ടിലെ ഇരുടീമുകളുടെയും ആദ്യ പോരാട്ടമാണ്. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ ഘട്ടത്തിലേക്ക് എത്തിയത്.
