അഹമ്മദാബാദിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ 76 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 111 റൺസിന് പുറത്തായി. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
തുടർച്ചയായ നാല് വിജയങ്ങളുമായി എത്തിയ ഇന്ത്യൻ ബാറ്റിങ് നിരയെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ തകർത്തു. ആദ്യ ഓവറിൽ തന്നെ നായകൻ എയ്ഡൻ മാർക്രം ഒരുക്കിയ സ്പിൻ കുരുക്കിൽ കുടുങ്ങി ഇഷാൻ കിഷൻ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയായി.
ഇഷാൻ കിഷനും തിലക് വർമ്മയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യ തകർന്നു. ആറാം ഓവറിൽ 31 റൺസ് മാത്രമെടുത്ത ഇന്ത്യക്ക്, അഭിഷേക് ശർമ്മയെയും (15) നഷ്ടമായി. പിന്നാലെ വാഷിങ്ടൺ സുന്ദറും സൂര്യകുമാർ യാദവും പുറത്തായതോടെ 51 റൺസിന് 5 വിക്കറ്റ് എന്ന ദയനീയ നിലയിലേക്ക് ഇന്ത്യ വീണു.ഇന്ത്യൻ ലോവർ മിഡിൽ ഓർഡറിനെ കേശവ് മഹാരാജ് തകർത്തെറിഞ്ഞു.
15-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ് എന്നിവരെ പുറത്താക്കിയതോടെ ഇന്ത്യ 88-ന് 8 എന്ന നിലയിലായി. വാലറ്റത്ത് ശിവം ദുബെ പൊരുതി നോക്കിയെങ്കിലും 19-ാം ഓവറിൽ മാർക്കോ ജാൻസന്റെ പന്തിൽ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ശിവം ദുബെ (42) പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സ് 111 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ തകർത്തു. 76 റൺസിന്റെ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
