ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സിംബാബ്വെയ്ക്കെതിരായ വിൻഡീസിന്റെ ജയം തിരിച്ചടിയായി. സെമി പ്രവേശനം ഉറപ്പിക്കാൻ മുൻ ചാമ്പ്യന്മാർക്ക് ഇനി കടുത്ത പോരാട്ടം വേണ്ടിവരും.ചെന്നൈയിലെത്തിയ ഇന്ത്യൻ ടീം ബസിൽ കോച്ച് ഗൗതം ഗംഭീർ അഭിഷേക് ശർമയുമായി ഗൗരവകരമായ ചർച്ച നടത്തുന്ന വീഡിയോ പുറത്ത്.
ഗംഭീറിന്റെ നിർദേശങ്ങൾ താരം ശ്രദ്ധയോടെ കേൾക്കുന്നതും പിന്നിലിരുന്ന അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റെ ചർച്ചയിൽ പങ്കുചേരുന്നതും വീഡിയോയിൽ കാണാം.
മോശം ഫോമിലുള്ള അഭിഷേക്, ഇഷാൻ, തിലക് എന്നിവരുടെ പ്രകടനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ മാനേജ്മെന്റ് ശ്രമിക്കുമ്പോഴും, സഞ്ജു സാംസണെ ടീമിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. സോഷ്യൽ മീഡിയയിൽ ‘Bring Back Sanju Samson’ ഹാഷ്ടാഗും സജീവമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, പാകിസ്താൻ, നെതർലാൻഡ്സ് ടീമുകൾക്കെതിരെ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശർമ നിരാശപ്പെടുത്തിയിരുന്നു. സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
