മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ വെസ്റ്റിൻഡീസ് നേടിയ 107 റൺസ് വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമോ? ബാധിക്കും എന്നതാണ് ഉത്തരം.
സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും അതിന്റെ നെറ്റ് റൺറേറ്റ് പോലും നിർണായകമാണ് എന്നതാണു സത്യം.
ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ ഇന്ത്യയ്ക്ക് സമ്മർദങ്ങളേതുമില്ലാതെ സെമി ഫൈനൽ കളിക്കാം.ബുധനാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ ജയവും, ഒപ്പം ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിക്കുന്നതും ഇന്ത്യയുടെ സെമി സാധ്യതകൾ എളുപ്പമാക്കും.
ഇന്ത്യയ്ക്ക് സെമിയിലെത്താൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കണം. ദക്ഷിണാഫ്രിക്കയും ഇന്ത്യയും തുടർച്ചയായി ജയിച്ചാൽ ഇരുവർക്കും നേരിട്ട് യോഗ്യത നേടാം. എന്നാൽ, വിൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും; അപ്പോൾ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയാകും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.
