സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ തകർപ്പൻ തുടക്കമാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്ക് നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയ സഞ്ജു, ഒന്നാം ഓവറിൽ 13 റൺസ് അടിച്ചുകൂട്ടി.
രണ്ടാം ഓവറിലും സിക്സർ പായിച്ച് താരം മികച്ച ഫോം പ്രകടമാക്കി.സഞ്ജു സാംസൺ രണ്ട് സിക്സറുകളും ഒരു ഫോറുമടക്കം 15 പന്തിൽ 24 റൺസ് നേടി മികച്ച തുടക്കം നൽകി.
അഭിഷേക് ശർമയുടെ സമ്മർദം കുറയ്ക്കാൻ സഞ്ജുവിന്റെ ബാറ്റിങ്ങിനായി. എന്നാൽ നാലാം ഓവറിൽ മുസറബാനിയുടെ പന്തിൽ സ്ലോഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്തായി.സഞ്ജുവിന്റെ പുറത്താകലിനെക്കുറിച്ച് സുനിൽ ഗവാസ്‌കർ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
സഞ്ജുവിന്റെ ബലഹീനത എല്ലാവർക്കും അറിയാമെന്നും, ഷോർട്ട് ബോൾ എറിഞ്ഞ് ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തി സഞ്ജുവിനെ വീഴ്ത്തുകയെന്നത് സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുസറബാനിയുടെ ബൗൺസിൽ ടൈമിങ് പിഴച്ചതാണ് സഞ്ജുവിന് വിനയായതെന്നും, മികച്ച തുടക്കം ലഭിച്ചിട്ടും പഴയ പിഴവ് ആവർത്തിച്ചതിൽ താരം നിരാശനാകുമെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.
