പശ്ചിമേഷ്യയിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമൊത്ത് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരതയും തീവ്രവാദവും മനുഷ്യരാശിക്ക് തന്നെ വലിയ വെല്ലുവിളിയാണെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇരുനേതാക്കളും ആഹ്വാനം ചെയ്തു.പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലിയ ആശങ്കയുണ്ടെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഇറാൻ-ഇസ്രയേൽ-യു.എസ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.ലോകത്തെ എല്ലാ സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

സമാധാനത്തിനായി ഇന്ത്യയും കാനഡയും പോലുള്ള ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച മോദി, യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ച മോദി ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചു.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖംനഈ ഉൾപ്പെടെയുള്ള പ്രമുഖ സൈനിക മേധാവികൾ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് മേഖലയിലെ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ അനിവാര്യമാണെന്ന് ഇന്ത്യ ആവർത്തിച്ചു.

ജി.സി.സി രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്. ഞായറാഴ്ച ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, തിങ്കളാഴ്ചയോടെ ഇറാൻ നിലപാട് മാറ്റി.

യു.എസുമായി ഇനി ചർച്ചകൾക്കില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായി.ഇറാനെതിരായ സൈനിക നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ആക്രമണം നാലോ അഞ്ചോ ആഴ്ചകൾ കൂടി തുടരുമെന്നും, നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *