ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത സീസണിൽ പഞ്ചാബ് കിം​ഗ്സ് പരിശീലകനായി റിക്കി പോണ്ടിം​ഗിനെ നിയമിച്ചു. പഞ്ചാബ് ടീമിന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവരെ പോണ്ടിം​ഗിന് തീരുമാനിക്കാം. കഴിഞ്ഞ ഐപിഎൽ സീസണ് ഒടുവിൽ പഞ്ചാബ് പരീശലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന്റെ കരാർ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയൻ മുൻ താരം ട്രെവര്‍ ബെയ്‌ലിസിന് പക്ഷേ പഞ്ചാബിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.

പിന്നാലെയാണ് ബെയ്ലിസുമായുള്ള കരാർ അവസാനിപ്പിക്കാൻ പഞ്ചാബ് കിം​ഗ്സ് തീരുമാനിച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ ഒമ്പതാം സ്ഥനത്തായിരുന്നു പഞ്ചാബ് കിം​ഗ്സ് ഫിനിഷ് ചെയ്തത്.ഒരു ഇന്ത്യൻ പരിശീലകനെ വേണമെന്ന നിലപാടിലായിരുന്നു പഞ്ചാബ് കിം​ഗ്സ്.

എന്നാൽ റിക്കി പോണ്ടിം​ഗുമായി പഞ്ചാബ് മാനേജ്മെന്റ് ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്നു റിക്കി പോണ്ടിം​ഗ്. എന്നാൽ കിരീട വിജയങ്ങൾ നേടാൻ കഴിയാത്തതിനാൽ പോണ്ടിം​ഗിനെ ഡൽഹി പുറത്താകുകയായിരുന്നു.

2018 മുതൽ ഡൽഹി പരിശീലകനായിരുന്നു ഓസ്ട്രേലിയൻ ഇതിഹാസ താരം. 2020ൽ ഡൽഹിയെ ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ചത് മാത്രമാണ് ​പോണ്ടിംഗിന്റെ ഏക നേട്ടം.ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ ഓസ്ട്രേലിയൻ മുൻ താരം ജോർജ് ബെയ്ലി നായകനായ ടീം ഐപിഎല്ലിന്റെ ഫൈനൽ കളിച്ചതാണ് പഞ്ചാബിന്റെ ഇതുവരെയുള്ള മികച്ച നേട്ടം.

2025ലെ മെ​ഗാലേലത്തിന് മുമ്പായി ടീമിൽ നിലനിർത്തേണ്ട കളിക്കാരെ തിരഞ്ഞെടുക്കുകയാണ് പഞ്ചാബിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. ശിഖർ ധവാൻ വിരമിച്ചതോടെ പുതിയൊരു നായകനെയും പഞ്ചാബ് കിം​ഗ്സിന് അടുത്ത സീസണിലേക്ക് കണ്ടെത്തേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *