ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈയിലെ ചെപ്പോക്ക്. അവിടത്തെ പിച്ചിന്റെ സ്വഭാവം അശ്വിനോളം അറിയുന്നവരില്ല ടീമില്‍. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇവിടെ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അശ്വിന്‍ തന്നെ.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച മുന്നില്‍കണ്ട ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുമായി ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ മുനയൊടിക്കുകയും ചെയ്തു.
ഒരേ ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കുന്നത് ഇത് നാലാം തവണയാണ്. അഞ്ചു തവണ ഈ നേട്ടം സ്വന്തമാക്കിയ ഇയാം ബോതമാണ് ഒന്നാമത്. ഒരേ വേദിയില്‍ രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് അശ്വിന്‍. ചെന്നൈയില്‍ 2021-ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റിലും അശ്വിന്‍ സെഞ്ചുറിക്കൊപ്പം അഞ്ചു വിക്കറ്റും വീഴ്ത്തിയിരുന്നു.
101 ടെസ്റ്റുകള്‍ കളിച്ച അശ്വിന്റെ കരിയറിലെ 37-ാം അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ചെന്നൈയിലേത്. ഇതോടെ 37 തവണ അഞ്ചു വിക്കറ്റ് നേടിയ മുന്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ റെക്കോഡിനൊപ്പമെത്താനും അശ്വിനായി. 145 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വോണ്‍ സ്വന്തമാക്കിയ ഈ നേട്ടം 101-ാം ടെസ്റ്റില്‍ തന്നെ അശ്വിന്‍ സ്വന്തമാക്കി.
133 ടെസ്റ്റില്‍ നിന്ന് 67 അഞ്ചു വിക്കറ്റ് നേട്ടമുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാമത്. 86 ടെസ്റ്റില്‍ നിന്ന് 36 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്ലി, 132 ടെസ്റ്റില്‍നിന്ന് 35 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെ എന്നിവരെയെല്ലാം അശ്വിന്‍ പിന്നിലാക്കി.”
ഇതോടൊപ്പം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും താരം സ്വന്തമാക്കി. 94 വിക്കറ്റുകളുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയെയാണ് അശ്വിന്‍ പിന്നിലാക്കിയത്. നാലാം ഇന്നിങ്‌സിലെ അശ്വിന്റെ വിക്കറ്റ് നേട്ടം 99 ആയി