കൈറോ :ഗസ്സയില്‍ വെടിനിര്‍ത്തലിന് ഈജിപ്ത് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാൻ ഹമാസ്, ഇസ്‍ലാമിക് ജിഹാദ് പ്രതിനിധി സംഘം കൈറോയില്‍.താല്‍ക്കാലിക വെടിനിര്‍ത്തല്‍, ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം, സ്ഥിരം വെടിനിര്‍ത്തല്‍ എന്നിങ്ങനെ മൂന്നുഘട്ട പദ്ധതിയാണ് ഈജിപ്ത് നിര്‍ദേശിച്ചത്. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന് ഒരാഴ്ച മുമ്പ് കൈറോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യ വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങി 84 ദിവസം പിന്നിട്ടിട്ടും ബന്ദികളെ പൂര്‍ണമായി മോചിപ്പിക്കാൻ കഴിയാത്തതില്‍ ഇസ്രായേലില്‍ നെതന്യാഹു സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ശക്തമാണ്.ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ടെല്‍അവീവില്‍ നടന്നിരുന്നു. ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന മുഴുവൻ പലസ്തീനികളുടെയും മോചനം, ഗസ്സയില്‍നിന്ന് സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുമെന്ന് ഹമാസ് പ്രതിനിധി എ.എഫ്.പി വാര്‍ത്ത ഏജൻസിയോട് പറഞ്ഞു. യുദ്ധത്തിനുശേഷമുള്ള പലസ്തീന്റെ ഭരണം, ഗസ്സയുടെ പുനര്‍നിര്‍മാണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകുമെന്നറിയുന്നു. അതേസമയം, മഗാസി, നുസൈറാത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. 24 മണിക്കൂറിനിടെയുണ്ടായ 20 ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 187 പേര്‍ കൊല്ലപ്പെട്ടു.ഇതോടെ ഗസ്സയില്‍ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 21,507 ആയി. 55,915 പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന് ഏഴാം ബ്രിഗേഡിനെയും രംഗത്തിറക്കിയതായി ഇസ്രായേല്‍ സേന അറിയിച്ചു.