കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും അടുത്ത ഐ പി എൽ സീസണിൽ ​ഗംഭീരമായ ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കപ്പ് നേടിയ മുംബൈ ഇന്ത്യൻസിന് ഐ പി എല്ലിൽ അത്രയും വലിയൊരു ചരിത്രവും പാരമ്പര്യവുമുണ്ട്. വരാനിരിക്കുന്ന മെ​ഗാതാരലേലത്തിൽ മുംബൈ വ്യക്തമായ പ്ലാനോടുകൂടിയാവും ഇറങ്ങുക എന്നുറപ്പാണ്. കഴിഞ്ഞ തവണത്തെ ക്യാപ്റ്റൻസി വിവാദവും മറ്റും ഏൽപിച്ച ക്ഷീണം മറികടക്കാനായിരിക്കും ഇക്കുറി മുംബൈയുടെ പ്രധാന ലക്ഷ്യം.

വരാനിരിക്കുന്ന മെ​ഗാതാരലേലത്തിൽ മുംബൈ ഇന്ത്യൻസ് ചില നിർണായകനീക്കങ്ങളും റീറ്റൻഷനുകളും നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതിൽ ഏറ്റവും പ്രധാനം മുൻനായകനും മുംബൈയ്ക്ക് 5 തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത രോഹിത് ശർമയെ അവർ കൈവിടാനൊരുങ്ങുന്നു എന്നതാണ്.

രോഹിത്തിനെക്കാൾ മികച്ച ഫോമിൽ കഴിഞ്ഞ സീസണുകളിൽ ബാറ്റേന്തിയത് സൂര്യകുമാർ യാദവും തിലക് വർമയുമൊക്കെയാണ്. ക്യാപ്റ്റൻസി ചുമതലകളില്ലാത്ത രോഹിത്തിനെക്കാൾ ബാറ്റർ എന്ന നിലയിൽ തിളങ്ങുന്ന മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും മുംബൈയുടെ ലേലനീക്കം.

അതിനൊപ്പം കഴിഞ്ഞ സീസണിലേതു പോലുള്ള ഹാർദിക്- രോഹിത് ശീതസമരം ഒഴിവാക്കാനും രോഹിത്തിനെ നിലനിർത്താതിരിക്കുന്നതോടെ മുംബൈയ്ക്ക് സാധിക്കും.വിക്കറ്റ് കീപ്പർ ഇഷാൻ കിഷനേയും വരുന്ന ലേലത്തിൽ മുംബൈ കൈവിട്ടേക്കും. ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയാവും മുംബൈ നിലനിർത്തുക.

കഴിഞ്ഞ സീസണിലെ ഫോം ഔട്ടും ആഭ്യന്തരമത്സരങ്ങൾ കളിക്കാൻ വിസമ്മതിച്ചതടക്കമുള്ള വിവാദങ്ങളുമാണ് ഇഷാന് റീറ്റെൻഷൻ നൽകാൻ മുംബൈ മടിക്കുന്ന ഘടകങ്ങൾ. കഴിഞ്ഞ 29 ഇന്നിങ്സുകളിൽ നിന്ന് 4 ഫിഫ്റ്റികളേ ഐപിഎല്ലിൽ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ എങ്കിലും 15.25 കോടിയാണ് ഇഷാന്റെ പ്രതിഫലം.

വെടിക്കെട്ട് മധ്യനിരതാരമായ ടിം ഡേവിഡിനെയും മുംബൈ ഇക്കുറി കൈവിട്ടേക്കുമെന്നാണ് സൂചനകൾ. 8.25 കോടി രൂപയാണ് അദ്ദേഹത്തിന് മുംബൈ നൽകുന്നത്. എന്നാൽ കഴിഞ്ഞ സീസണുകളിലായി പേരിനൊത്ത പ്രകടനം അദ്ദേഹത്തിന് കാഴ്ചവെക്കാനായിട്ടില്ല. ലേലത്തിൽ വെച്ച് ഇതിലും ചെറിയ തുകയ്ക്ക് കിട്ടുകയാണെങ്കിൽ മാത്രമേ, മുംബൈ ജഴ്സിയിൽ ഇനി ടിം ഡേവിഡിനെ നീലജഴ്സിയിൽ കാണാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *