ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനൈ ലൈവ് ഇനി മലയാളം ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കും. ജെമിനൈ എഐ അടിസ്ഥാനമാക്കി ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന ‘കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍’ ആണ് ജെമിനൈ ലൈവ്. വ്യാഴാഴ്ച നടന്ന ‘ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2024’ എന്ന പരിപാടിയില്‍ വെച്ചാണ് പുതിയ ഇന്ത്യന്‍ ഭാഷകളിലുള്ള സേവനം കമ്പനി പ്രഖ്യാപിച്ചത്

.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനും ആ ഭാഷകളില്‍ മറുപടി നല്‍കാനും ജെമിനൈ എഐയ്ക്ക് സാധിക്കും. ജെമിനൈ അഡ്വാന്‍സ്ഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ആദ്യം ജെമിനൈ ലൈവ് ഫീച്ചര്‍ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആന്‍ഡ്രോയിഡ് ഐഒഎസ്ഉപഭോക്താക്കള്‍ക്ക് 10 വ്യത്യസ്ത ഭാഷകളില്‍ ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിരുന്നു.

ഈ ഭാഷകള്‍ക്ക് പുറമെയാണ് ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കുക. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളിലുള്ള സംഭാഷണം തിരിച്ചറിയാനും മറുപടി നല്‍കാനും ജെമിനൈ എഐയ്ക്ക് സാധിക്കും.അധ്യാപകര്‍, സംരംഭകര്‍, കലാകാരന്മാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരപ്രദമാവുമെന്നും ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന 40 ശതമാനം ജെമിനൈ ഉപഭോക്താക്കളും വോയ്‌സ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാണെന്നും ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് ലീഡായ ഹേമ ബുധരാജു പറഞ്ഞു.

സ്വാഭാവികമായ ഇന്ത്യന്‍ ഭാഷകളില്‍ തടസമില്ലാതെ എഐ യുമായി ആശയവിനിമയം നടത്താന്‍ ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പുതിയതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍ ജെമിനൈ ലൈവില്‍ എത്താന്‍ ചിലപ്പോള്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും സമാനമായി ഗൂഗിള്‍ സെര്‍ച്ചിലെ എഐ ഓവര്‍വ്യൂ ഫീച്ചറിലും ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് ഉള്‍പ്പടെയുള്ള ഭാഷകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇതുവഴി സെര്‍ച്ചില്‍ തിരയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ പെട്ടന്നറിയാന്‍ ഉപഭോക്താവിന് സാധിക്കും.ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയിലും സമാനമായ വോയ്‌സ് ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഇതില്‍ ലഭ്യമല്ല

Leave a Reply

Your email address will not be published. Required fields are marked *