രാജപുരം(കാസർകോട്): കപ്പൽ ജീവനക്കാരനായ മാലക്കല്ലിലെ ആൽബർട്ട് ആന്റണിയെ ആഴക്കടലിൽ കാണാതായിട്ട് മൂന്നുദിനം. എന്തുചെയ്യണമെന്നുപോലും അറിയാതെ കുടുംബം. ആൽബർട്ടിനെ കണ്ടെത്താൻ കഴിഞ്ഞ രണ്ടുദിവസമായി മൂന്ന് കപ്പലുകൾ ആഴക്കടലിൽ നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ഞായറാഴ്ച ഉച്ചയോടെ കപ്പലുകൾ നടത്തിവന്ന തിരച്ചിൽ നിർത്തിയതായുള്ള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്നത്.

ഇതോടെ കൂടുതൽ ആശങ്കയിലായിരിക്കുകയാണ് കുടുംബം. വിവരമറിഞ്ഞ് എം.എൽ.എ.മാരായ ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ എന്നിവർ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടൽ നടത്താമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം.പി.മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ജോസ് കെ.മാണി എന്നിവരുടെ സഹായത്തോടെ കേന്ദ്രസർക്കാർ തലത്തിലും ഇടപെടൽ ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

സിനർജി മാരിടൈം കമ്പനിയുടെ എം.വി.ട്രൂ കോൺറാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്‌നി കേഡറായിരുന്ന ആൽബർട്ടിനെ വെള്ളിയാഴ്ചയാണ് കൊളംമ്പോ തുറമുഖത്തുനിന്ന്‌ 300 നോട്ടിക്കൽ മൈൽ അകലെവച്ച് കപ്പലിൽനിന്ന്‌ കാണാതായത്.തുടർന്ന് കമ്പനി അധികൃതർ കഴിഞ്ഞദിവസം വീട്ടിലെത്തി വിവരം ഔദ്യോഗികമായി കുടുംബത്തിന് കൈമാറിയിരുന്നു.

കാണാതായ മേഖലയിൽ തിരച്ചിൽ തുടരുന്നതായും അറിയിച്ചിരുന്നു. ചൈനയിൽനിന്ന്‌ ബ്രസീലിലേക്ക് പോകുകയായിരുന്നു കപ്പൽ. കഴിഞ്ഞ ഏപ്രിൽ 15-നാണ് ആൽബർട്ട് ആന്റണി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *