കൊച്ചി: എറണാകുളം പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരികെ ലഭിച്ചു. വീടിന്റെ താക്കോൽ സന്ധ്യയ്ക്ക് കൈമാറി. ലുലു ​ഗ്രൂപ്പാണ് മണപ്പുറം ഫിനാൻസിന് പണം കൈമാറിയത്. ലുലു ​ഗ്രൂപ്പ് മീഡിയ കോർ‍ഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്ക് കൈമാറിയത്.

ഒപ്പം 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരിൽ നൽകുംഇവരുടെ കടബാധ്യതകൾ മുഴുവൻ ഏറ്റെടുക്കുമെന്നും ലുലു ​ഗ്രൂപ്പ് അറിയിച്ചിരുന്നു. സന്ധ്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീടിനകത്തുണ്ടായ സാധനങ്ങൾ പോലും എടുക്കാൻ സാധിച്ചില്ല.

വീട്ടിൽ കയറാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന ഉറച്ചതീരുമാനത്തിലായിരുന്നു സന്ധ്യ. പിന്നാലെയാണ് ലുലു​ഗ്രൂപ്പ് വായ്പ് ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുക്കുകയും ചെയ്തത്.

2019ലാണ് സന്ധ്യ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തീകരിക്കാനായിട്ടായിരുന്നു പണം വായ്പയെടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ച് പോയിരുന്നു.

വീട് ഇയാളുടെ പേരിലായിരുന്നു.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. 9000 രൂപയായിരുന്നു സന്ധ്യയുടെ ശമ്പളം. ഈ വരുമാനം കൊണ്ട് വായ്പ തിരിച്ചടവ് സാധ്യമാകാതെ വന്നതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. വീട് സന്ധ്യയുടെ പേരിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *