വെസ്റ്റ് ഇന്‍ഡീസില്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്നും ടോസിന് തൊട്ടുമുമ്പാണ് സ്ഥാനം നഷ്ടമായതെന്നും സഞ്ജു സാംസണ്‍. വിമൽ കുമാർ എന്ന യൂട്യൂബ് ചാനലിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം മുമ്പൊരിക്കലും താന്‍ തുറന്നുപറഞ്ഞിട്ടില്ലെന്നും ആദ്യമായാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനുള്ള ഭാഗ്യമുണ്ടായെങ്കിലും ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍പ്പോലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ അദ്ദേഹത്തെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. പക്ഷെ തിളങ്ങാനായിരുന്നില്ല.
ആ മത്സരത്തിൽ മൂന്നാം നമ്പറില്‍ കളിച്ച റിഷഭ് പന്ത് തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളിലും ടീം പന്തിനെ ഇറക്കുകയായിരുന്നു.
ബാര്‍ബഡോസിലെ ഫൈനലിൽ കളിക്കാൻ തയ്യാറാകണമെന്ന് രോഹിതും തന്നോട് പറഞ്ഞുവെന്നും താൻ അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നുമാണ് സഞ്ജു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
എന്നാൽ അവസാന നിമിഷമാണ് ടൂർണമെന്റിൽ ഇത് വരെ കളിച്ച ഇലവനിൽ നിന്ന് ഫൈനലിൽ ഒരു മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുന്നത്. ടോസിന് മുമ്പാണ് എന്നെ കളിപ്പിക്കുന്നില്ലെന്നും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് തീരുമാനമെന്നും എന്നെ അറിയിച്ചത്.
ടോസിന് തൊട്ടുമുമ്പുള്ള വാം അപ് സെഷനിൽ രോഹിത് തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും ആശ്വസിപ്പിച്ചുവെന്നും ടീം നിലനിർത്താനുണ്ടായ സാഹചര്യങ്ങൾ വിശദീകരിച്ചുവെന്നും സഞ്ജു പറഞ്ഞു.വ്യക്തിപരമായി തന്നോടൊന്നും തോന്നരുതെന്ന് പറഞ്ഞു.
രോഹിതിനോട് താങ്കളുടെ കീഴിൽ ഫൈനൽ കളിയ്ക്കാൻ കഴിയാത്തതിന്റെ വിഷമം മാത്രമേയുള്ളൂവെന്നും ക്യാപ്റ്റന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞുവെന്നും സഞ്ജു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ സൗത്താഫ്രിക്കയെ തോൽപിച്ച് കിരീടം ചൂടിയിരുന്നു