ഇസ്ലാമാബാദ്: ശനിയാഴ്ച പുലർച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.അസ്ഥിരമായിരിക്കുന്ന ഒരു പ്രദേശത്തെ വീണ്ടും ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നു.
പ്രാദേശിക സമാധാനത്തിനുള്ള ശ്രമങ്ങളെ ഈ നീക്കം തകർക്കുന്നു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെതിരേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് നടപടി എന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
നേരത്തേ, ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇസ്രയേലിന്റെ നീക്കം.
ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.”ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വെച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.”