ബോളിവുഡിലും റീ റിലീസ് തരംഗത്തിന് തുടക്കമാവുന്നു. ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രം ‘കരൺ അർജുൻ’ ആണ് റീ റിലീസിന് ഒരുങ്ങുന്നത്.
ആക്ഷൻ റിവഞ്ച് ഴോണറിൽ ഒരുങ്ങി ബോക്സോഫീസില്‍ വലിയ വിജയമായ ചിത്രം 30 വർഷത്തിന് ശേഷമാണ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
ചിത്രം നവംബര്‍ 22 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായിട്ടാണ് ‘കരൺ അർജുൻ’ റീ റിലീസ് ചെയ്യുന്നത്.സിനിമയുടെ റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇന്ത്യയിൽ സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്സുകളിലും ചിത്രമെത്തുമ്പോൾ അതേ ദിവസം തന്നെ ആഗോള മാർക്കറ്റിലും ചിത്രം റിലീസ് ചെയ്യും.
കജോൾ, രാഖീ, മംമ്ത കുൽക്കർണി, അമരീഷ് പുരി, ജോണി ലെവർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.സൽമാൻ ഖാനും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണിത്. 1995 ൽ റിലീസ് ചെയ്ത ‘കരണ്‍ അര്‍ജുന്‍’ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന സിനിമക്ക് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ പണം വാരി പടമായിരുന്നു . ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
രാജേഷ് റോഷനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ചിത്രത്തിലെ സൽമാനെയും ഷാരൂഖിന്റെയും പ്രകടനവും അമരീഷ് പുരിയുടെ വില്ലൻ വേഷവും ഏറെ പ്രശംസ നേടിയിരുന്നു.
കാക്ക താക്കൂർ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് സഞ്ജയ് വർമ്മ ആയിരുന്നു.നേരത്തെ റോക്‌സ്‌റ്റാർ, സിന്ദഗി നാ മിലേഗി ദൊബാര, ലൈല മജ്നു, ചക് ദേ ഇന്ത്യ തുടങ്ങിയ സിനിമകൾ റീ റിലീസ് ചെയ്തിരുന്നു. ചിത്രങ്ങള്‍ക്ക് ലഭിച്ച വലിയ സ്വീകരണം കരണ്‍ അര്‍ജുനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍