നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളെ മുംബൈ പൊലീസ് പിടികൂടി. ബികാറാം ജലാറാം ബിഷ്ണോയ് എന്നായാളെയാണ് പൊലീസ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്.
സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം.
പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ടു കോടി ആവശ്യപ്പെട്ടുകൊണ്ട് സല്‍മാന്‍ ഖാനും ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിനും സമാനരീതിയില്‍ വധഭീഷണി എത്തിയിരുന്നു.
ഒക്ടോബര്‍ 28ന് നോയിഡയില്‍ നിന്നും പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. 20 വയസുള്ള ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബായിരുന്നു അന്ന് അറസ്റ്റിലായത്.
സല്‍മാന്‍ ഖാന്‍റെ സുഹൃത്തും എൻസിപി രാഷ്‌ട്രീയ നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന് നേരെയും ഭീഷണികൾ ഉയർന്നുതുടങ്ങിയത്.
കഴിഞ്ഞ ഏപ്രിലിൽ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയുടെ വീടിന് പുറത്ത് ബിഷ്‌ണോയി സംഘാംഗങ്ങൾ വെടിയുതിർത്തതും വലിയ വാര്‍ത്തയായിരുന്നു.കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് താരത്തിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്.