അനുചേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. സഭ തടസപ്പെട്ടു. പ്രമേയത്തിലൂടെ ഇന്ത്യ സഖ്യം ഭരണഘടനയെ അവഗണിച്ചു എന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞു.

ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുന്ന പ്രമേയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. നിയമസഭ പ്രമേയം പാസാക്കി.

പ്രമേയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് സുനില്‍ ശര്‍മയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളമുയര്‍ത്തി. അതിനിടെ എഐപി എംഎല്‍എ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് അനുചേദം 370 പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു സഭയില്‍ ബാനര്‍ ഉയര്‍ത്തിയതാണ് കയ്യാങ്കളിക്ക് ഇടയാക്കിയത്.

ബിജെപി അംഗങ്ങളും നാഷണല്‍ കോണ്‍ഫറന്‍സ് -പിഡിപി അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഗാര്‍ഡുകള്‍ എത്തിയാണ് അംഗങ്ങളെ പിടിച്ചു മാറ്റിയത്. ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യ സര്‍ക്കാര്‍ പാസാക്കിയ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്നും, പാര്‍ലമെന്റിനെ അവഹേളിച്ചു എന്നും ആരോപിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി രംഗത്ത് വന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍, തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങണമെന്നു ആവശ്യപ്പെടുന്നതാണ് നിയമ സഭ പാസാക്കിയ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *