പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിശീലന മത്സരം കളിക്കാൻ ഇന്ത്യ. 22ന് പെര്‍ത്തില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ടീം അംഗങ്ങളെ രണ്ടായി തിരിച്ചാണ് ഇന്ത്യൻ ടീം ത്രിദിന പരിശീലന മത്സരം കളിക്കുക. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും ത്രിദിന പരിശീലന മത്സരം നടക്കുക എന്നാണ്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ പരിശീലന മത്സരം കളിക്കണമെന്ന് മുന്‍താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇത് തള്ളിയിരുന്നു.

എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്ന പരിശീലന മത്സരത്തിലൂടെ എല്ലാം രഹസ്യമാക്കിവെക്കാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരിക്കും ഇന്ത്യൻ ടീം അംഗങ്ങളെ രണ്ടായി തിരിച്ചുകൊണ്ടുള്ള ത്രിദിന പരിശീലന മത്സരം.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെത്തിയ വിരാട് കോലിയടക്കമുള്ള ഇന്ത്യയുടെ ആദ്യ സംഘം പെര്‍ത്തില്‍ പരിശീലനം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച നടന്ന പരിശീലനം പക്ഷെ നിര്‍ബന്ധിതമല്ലാത്തതിനാല്‍ പേസര്‍ ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ ആര്‍ അശ്വിനും പരിശീലനത്തിനിറങ്ങിയിരുന്നില്ല.

അതേസമയം, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണര്‍മാരാകുമെന്ന് കരുതുന്ന കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും നെറ്റ്സില്‍ ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തി.വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കും. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം.

ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഡേ നൈറ്റ് ടെസ്റ്റാണിത്. ഡിസംബര്‍ 14 മുതല്‍ ബ്രിസേബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്.

മെല്‍ബണില്‍ ഡിസംബര്‍ 26 മുതലാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.ജനുവരി മൂന്ന് മതുല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാകുക. 1990നു ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *