പാലക്കാട്: ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരണ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. മറ്റെല്ലാ സ്കൂളുകളിലുമുള്ള സൗകര്യങ്ങൾ ഈ സ്കൂളിലുണ്ടെന്നും യുണീക്ക് ആയ പദ്ധതി കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമെന്നും ഷാഫി പ്രതികരിച്ചു.പ്രോജക്ടിനെ പറ്റി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് സംസാരിച്ചിരുന്നു.
ശിവൻകുട്ടി പദ്ധതിയെ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയിലും ഇതേപ്പറ്റി സംസാരിച്ചതാണ്. ഡിജിറ്റലൈസേഷൻ പ്രവർത്തികളുടെ പേരിൽ ഒരു ക്ലാസും മാറ്റിവെയ്ക്കേണ്ടി വന്നിട്ടില്ല, മുടങ്ങിയിട്ടില്ല.
മറ്റെല്ലാ സ്കൂളികളിലുമുള്ളപോലെ കമ്പ്യൂട്ടറും ലാബുമെല്ലാം ഇവിടെയുമുണ്ട്. യുണീക്ക് ആയ പദ്ധതി കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. യുഡിഎഫ് സർക്കാരിൻറെ കാലത്ത് പദ്ധതി അംഗീകരിച്ച് പണം തന്ന് മറ്റ് നടപടിക്രമങ്ങളൊക്കെ നടന്നതാണ്.
തിയറ്റർ ടൈപ്പ് ക്ലാസ് റൂമുകളുൾപ്പെടെ അവിടെയുണ്ട്. പക്ഷേ പിന്നീട് വന്ന സർക്കാർ ഇതൊരു യുണീക്ക് പദ്ധതിയാണെന്ന ബോധ്യം മനസിലാക്കിയില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.വിഷയം സച്ചിൻ ടെൻഡുൽക്കറിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്.
സച്ചിൻ അനുകൂലമായാണ് പ്രതികരിച്ചത്. എംപി ഫണ്ട് അനുവദിക്കാൻ സച്ചിൻ തയ്യാറായതുമാണ്. അങ്ങനെയുള്ള പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റലൈസേഷൻ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയായില്ലെന്നാണ് സ്കൂൾ പിടിഎ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണം.
എട്ടുകോടി അനുവദിച്ച പദ്ധതിയാണ്. എന്നിട്ടും പദ്ധതി എങ്ങുമെത്തിയില്ല. പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്ക് മാത്രമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ.