പിക്‌സൽ സ്മാർട്‌ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഗൂഗിൾ. വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. പിക്‌സൽ 8 സ്മാർട്‌ഫോണുകളാണ് ഇന്ത്യയിൽ നിർമിക്കുക. 2024-ൽ ഇവ വിപണിയിൽ എത്തിക്കുകയും ചെയ്യും. ഈ മാസം ആദ്യമാണ് ഇന്ത്യയിലും മറ്റ് വിപണികളിലുമായി പിക്‌സൽ 8 സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചത്. പിക്‌സൽ 8 പ്രോ മോഡലും ഒപ്പം അവതരിപ്പിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് ആദ്യ പിക്‌സൽ ഫോൺ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് ഗൂഗിൾ ഒരു പിക്‌സൽ ഫോണൻ ഇന്ത്യയിൽ നിർമിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്. നേരത്തെ ചില മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാതെ ഒഴിവാക്കുക പോലും ചെയ്തിട്ടുണ്ട് ഗൂഗിൾ. പിക്‌സൽ 8 നിർമാണത്തിനായി ഇന്ത്യൻ കരാർ നിർമാണക്കമ്പനികളേയും ഇന്ത്യയിൽ ഫാക്ടറികളുള്ള വിദേശ കമ്പനികളെയും ഗൂഗിൾ ആശ്രയിച്ചേക്കുമെന്നാണ് വിവരം. വിപണിയിലെ എതിരാളികളായ സാംസങും, ആപ്പിളും ഇതിനകം ഇന്ത്യയിൽ നിർമാണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സർക്കാർ പ്രത്യേക പദ്ധതികൾക്ക് കീഴിൽ വിദേശ കമ്പനികളെ ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിനായി ക്ഷണിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വെച്ച് നിർമാണം ആരംഭിക്കുമ്പോൾ പിക്‌സൽ ഫോണുകളുടെ വില കുറയുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം, ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് സെന്ററുകളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. 27 നഗരങ്ങളിലായി 28 സർവീസ് സെന്ററുകളാണ് ഇപ്പോൾ ഗൂഗിളിനുള്ളത്. എഫ്1 ഇൻഫോ സൊലൂഷൻസിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.