കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാന്‍ ഇടയായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂള്‍ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി ബസിനടിയിലേക്ക് വീണത്. മടവൂര്‍ ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു (7) ആണ് മരിച്ചത്.മടവൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പുളിമൂട് റോഡ് എം.എസ്. ഭവനില്‍ ആര്‍. മണികണ്ഠനാചാരി – ശരണ്യ ദമ്പതിമാരുടെ മകളാണ്.

വെള്ളിയാഴ്ച വൈകീട്ട് 4.15-നായിരുന്നു സംഭവം. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടികളെ ഇറക്കിയ ശേഷം ബസ് മുന്നോട്ടുപോകുമ്പോഴായിരുന്നു അപകടം. റോഡരികില്‍ ഇറങ്ങിയ കുട്ടി, വീട്ടില്‍ ആളില്ലാത്തതിനാല്‍ അടുത്ത വീട്ടിലേക്കു പോകുകയായിരുന്നു.

ഈ സമയം, റോഡിന്റെ വശത്ത് ചുറ്റിയിട്ട നിലയില്‍ കിടന്ന കേബിളില്‍ കാല്‍ ഉടക്കി കൃഷ്‌ണേന്ദു പിന്നിലേക്കു തെറിച്ചുവീണു. അതേസമയം, കുട്ടി വീണതറിയാതെ മുന്നോട്ടെടുത്ത ബസിന്റെ ഇടതുവശത്തെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കുട്ടിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: കൃഷ്ണനുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *