ന്യൂഡല്‍ഹി : ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തില്‍ ദുരിതത്തിലായ പാലസ്തീന് ജീവകാരുണ്യസഹായവുമായി ഇന്ത്യ. ആറര ടണ്‍ മെഡിക്കല്‍ കിറ്റുകളും 32 ടണ്‍ ദുരന്തനിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 വിമാനം ഈജിപ്റ്റിലെ എല്‍ അറിഷ് വിമാനത്താ വളത്തില്‍ എത്തി.റാഫാ അതിര്‍ത്തി വഴിയാണ് പാലസ്തീനിലെത്തിക്കുന്നത്.ഗാസിയാബാദിലെ ഹിൻഡൻ എയര്‍ബേസ് സ്റ്റേഷനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
ജീവൻരക്ഷാ മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപിംഗ് ബാഗുകള്‍, ടാര്‍പോളിൻ, വെള്ളം ശുദ്ധീകരിക്കാനുള്ള ടാബ്ലറ്റുകള് എന്നിവയും കൂട്ടത്തിലുണ്ട്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചിരുന്നു. പാലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
`അടിയന്തരമായി കൈത്താങ്ങ് ആവശ്യമുള്ള ഈ സമയത്ത് ആവശ്യപ്പെടാതെ തന്നെ പാലസ്തീന് ഇന്ത്യ സഹായം നല്കുന്നതില് അതിയായ നന്ദിയുണ്ട് .’
-അദ്നാൻ അബു അല്‍ഹൈജാ,
ഇന്ത്യയിലെ പാലസ്തീൻ അംബാസഡര്‍