തിയറ്ററുകള്‍ നിറഞ്ഞ് വിടാമുയര്‍ച്ചി ഓടുന്നതിനിടെ തല അജിത്തിനെ വീണ്ടും നെഞ്ചിലേറ്റി ആരാധകര്‍. കുരുന്ന് ആരാധികയുടെ ഷൂ ലേസ് താരം കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരത്തിന്‍റെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് സോഷ്യല്‍ ലോകം കീഴടക്കുന്നത്.റേസിങ് കോസ്റ്റ്യൂമിലാണ് അജിത്തുള്ളത്.
ഷൂ ലേസ് തനിയെ കെട്ടാന്‍ കഴിയാതെ പെണ്‍കുട്ടി ബുദ്ധിമുട്ടുന്നത് കണ്ടതും അജിത് അടുത്തെത്തി നിലത്തേക്ക് കുനിഞ്ഞ് ഷൂ ലേസ് കെട്ടിക്കൊടുക്കുകയായിരുന്നു.
ഇതിന് ശേഷം പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ താരം തൊട്ടടുത്ത ടേബിളില്‍ ഇരുന്ന് പെണ്‍കുട്ടിയോടും ഒപ്പമുള്ളവരോടും സംസാരിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഒട്ടേറെ ആരാധകരാണ് അജിത്തിനെ പ്രശംസിച്ച് കമന്‍റുകള്‍ ഇട്ടിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അജിത്ത് സൂപ്പര്‍ ഹീറോയാണെന്നും ചുറ്റുമുള്ളവരോട് ദയാലുവായ മനുഷ്യനാണെന്നും ആരാധകര്‍ കുറിച്ചു.
അജിത്തും അര്‍ജുനും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ വിടാമുയര്‍ച്ചി റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബില്‍ ഇടം പിടിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അജിത്തിന്‍റെ ചിത്രം 100 കോടി ക്ലബിലെത്തുന്നത്. 1997 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്കാണ് വിടാമുയര്‍ച്ചി.
റേസിങിനോട് അജിത്തിനുള്ള കമ്പവും പ്രസിദ്ധമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ താരം സ്വന്തം ടീം തന്നെ രൂപീകരിച്ചു. ബിഎംഡബ്ല്യു ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ബ്രിട്ടീഷ് ഫോര്‍മുല 3, യൂറോപ്യന്‍ ഫോര്‍മുല 2 എന്നിവയിലും താരം പങ്കെടുക്കാറുണ്ട്. കഴിഞ്ഞ മാസം ദുബായില്‍ നടന്ന 24 H ദുബായ് 2025ല്‍ പങ്കെടുക്കുന്നതിനിടെ താരം അപകടത്തില്‍പ്പെട്ടെങ്കിലും അദ്ഭുതകരമായിരക്ഷപെടുകയായിരുന്നു