മുംബൈ: വിക്കി കൗശലിന്‍റെ വരാനിരിക്കുന്ന ചിത്രം ഛാവ നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്നു. മറാത്ത ഇതിഹാസ പോരാളിയായ ഛത്രപതി സാംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത് എന്നാണ്.
ഛാവയുടെ മുൻകൂർ ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം, ദേവ, എമർജൻസി തുടങ്ങിയ സമീപകാല ബോളിവുഡ് റിലീസുകളെ ബഹുദൂരം പിന്തള്ളിയാണ് മുന്നോട്ട് പോകുന്നത്. ഇതിനകം 8.68 കോടി രൂപ അഡ്വാൻസ് ബുക്കിംഗിൽ നേടിയിട്ടുണ്ട്. ഇത് സിനിമയോട് വന്‍ പ്രേക്ഷക താൽപ്പര്യം ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിക്കി കൗശലും രശ്മിക മന്ദാനയും തമ്മിലുള്ള ആദ്യ ഓൺ-സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ഛാവ. ഇരുതാരങ്ങളും ഒന്നിച്ചുള്ള പ്രമോഷനുകള്‍ ഇതിനകം ഓണ്‍ലൈനില്‍ ശ്രദ്ധി നേടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ്”സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാവ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ഈ ചിത്രം 1681-ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.