രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. അവിശ്വസനീയമായിരുന്നു വിദർഭയുടെ ആ പത്താം വിക്കറ്റ്.
ഈ മാസം 26ന് വിദര്‍ഭയ്‌ക്കെതിരെയാണ് കേരളത്തിന്റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഫൈനലിൽ ടീമിൽ മാറ്റമുണ്ടാകുമോ, സഞ്ജു സാംസൺ തിരിച്ചെത്തുമോ എന്നാണ് പലരും ഇപ്പോൾ ഉറ്റുനോക്കുന്നത്. സെമിയിൽ കേരളം രണ്ട് മാറ്റങ്ങൾ നടത്തിയിരുന്നു.
ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ്ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.ഇരുവരും ഭേദപ്പെട്ട പ്രകടനവും നടത്തി.2019 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ചരിത്രത്തിൽ സെമിയിലെത്തിയപ്പോൾ അന്ന് മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവുണ്ടായിരുന്നു.
എന്നാൽ അന്ന് വിദർഭയോട് തോറ്റ് മടങ്ങേണ്ടി വന്നു. അതേ സമയം പരിക്കുമൂലം ക്വാർട്ടർ ഫൈനലിൽ നിന്നും സെമി ഫൈനലിൽ നിന്നും വിട്ടുനിന്നിരുന്ന സഞ്ജു സാംസൺ ഫൈനലിലും കളിക്കില്ല.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ച് ദിവസമാണ് ഫൈനലിന് അവശേഷിക്കുന്നത്. അപ്പോഴേക്കും അദ്ദേഹം പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാന്‍ വഴിയില്ല.
എന്നാൽ താരത്തിന്റെ അഭാവം കേരളത്തിന് വലിയ വെല്ലുവിളിയാകില്ല എന്നാണ് വിലയിരുത്തൽ.ഈ സീസണിൽകളിച്ച രഞ്ജി മത്സരത്തിൽ കാര്യമായ സംഭാവന നൽകാൻ താരത്തിനായിരുന്നില്ല.
താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞിരുന്നുവെങ്കിലും മികവ് പുലർത്താനായിരുന്നില്ല. ഏകദിന ഫോർമാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയിൽ നിന്നാകട്ടെ വിട്ടുനിൽക്കുകയും ചെയ്തു. ഏതായാലും ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനായാൽ 91 വർഷത്തെ രഞ്ജി ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ കിരീടം കൂടിയാവും.