ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിട്ടാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ അപ്ഡേറ്റ് നൽകികൊണ്ട് നടൻ സുരേഷ് കൃഷ്ണ പുറത്തുവിട്ട വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മരണമാസ്സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുമെന്നും ഒന്നാം തീയതി തന്നെ ട്രെയ്‌ലർ കണ്ട് എല്ലാവരും അഭിപ്രായം പറയണമെന്നുമാണ് സുരേഷ് കൃഷ്ണ വീഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇത് കൺവിൻസിംഗ് സ്റ്റാറിന്റെ പുതിയ അടവാണെന്നും ട്രെയ്‌ലർ വന്നിട്ട് വിശ്വസിക്കാം എന്നുമാണ് കമന്റുകൾ. ‘
ഏപ്രിൽ ഒന്നും, കൺവിൻസിംഗും സ്റ്റാറും നല്ല അടിപൊളി കോമ്പിനേഷൻ’, ‘അങ്ങനെ ഇപ്പോ ഞങ്ങളെ കൺവിൻസ് ആക്കാൻ നോക്കണ്ട’, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥഒരുക്കിയിരിക്കുന്നത്