ഇറാനിൽ നിന്നുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക തിരിച്ചടിക്ക് സൗദി അറേബ്യ സജ്ജമായതായി റിപ്പോർട്ട്. എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണശാലകളുടെ സുരക്ഷ സൗദി ശക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ പ്രമുഖ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്ക് നേരെ ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. ലോകത്തെ പ്രധാന ഓയിൽ പോർട്ടുകളിൽ ഒന്നായ ഇവിടെ, ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം കാരണം പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവെച്ചു.

പ്രതിദിനം 5.5 ലക്ഷം വീപ്പ എണ്ണ ശുദ്ധീകരിക്കുന്ന ഈ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ആഗോള എണ്ണ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദിയുടെ കിഴക്കൻ തീരത്തെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. യുഎസ് സൈനിക സാന്നിധ്യമുള്ള റിയാദിലെ വ്യോമത്താവളത്തിന് നേരെ തുടർച്ചയായ മൂന്നാം ദിവസവും ഡ്രോൺ ആക്രമണമുണ്ടായെങ്കിലും സൗദി അത് വിജയകരമായി പ്രതിരോധിച്ചു. ഗൾഫ് മേഖലയിൽ ഇറാൻ-സൗദി സംഘർഷം ഇതോടെ അതീവ ഗുരുതരമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *