റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇ-മെയിൽ വഴി വധഭീഷണി. മുകേഷ് അംബാനിയുടെ കമ്പനി ഐഡിയിലേക്ക് ഒരു അജ്ഞാതൻ അയച്ച ഇ-മെയിലിൽ, ശതകോടീശ്വരൻ 20 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ അദ്ദേഹത്തെ കൊല്ലുമെന്നും ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു.
“നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്” എന്നായിരുന്നു ഇ-മെയിലിൽ പറഞ്ഞിരുന്നത്.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുംബൈയിലെ ഗാംദേവി പോലീസ് അജ്ഞാതനെതിരെ ഐപിസി സെക്ഷൻ 387 (ഒരു വ്യക്തിയെ മരണഭീതിയിലാക്കുകയോ കൊള്ളയടിക്കുന്നതിന് ഗുരുതരമായ പരിക്കേൽപ്പിക്കുകയോ ചെയ്യുക), സെക്ഷൻ 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മുകേഷ് അംബാനി വധഭീഷണി നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും എതിരെ വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദർബംഗയിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായിരുന്നു.
രാകേഷ് കുമാർ മിശ്ര എന്നയാളായിരുന്നു പ്രതി. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ സ്ഫോടനം നടത്തുകയും ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു.