തിരുവനന്തപുരം ജനുവരി ഒന്നിനു തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട് അവതാളത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.
അതിവേഗത്തിൽ പെർമിറ്റ് ലഭ്യമാക്കാൻ കൂടി ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാർട് വഴി അപേക്ഷിച്ചാൽ പഴയ വേഗതയില്ലെന്നും അപേക്ഷകൾ നിരസിക്കുന്നെന്നുമുള്ള ആക്ഷേപം ശക്തമാണ്.
അപേക്ഷിക്കുമ്പോൾ നൽകുന്ന പല വിവരങ്ങളും പെർമിറ്റിൽ ഉൾപ്പെടാതെ പോകുന്നതും കെ സ്മാർടിൽ കല്ലുകടിയാകുന്നുണ്ട്.
കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമാണ് ഇപ്പോൾ കെ സ്മാർട് ഉപയോഗിക്കുന്നത്.
അപേക്ഷകർ പലപ്പോഴായി നേരിട്ടെത്തി പരാതിപ്പെട്ടപ്പോൾ പരിഹരിക്കാനാകുന്നില്ലെന്നാണ് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നികുതി അടയ്ക്കാൻ സാധിക്കാത്തതിനു പുറമെ മുൻപ് അടച്ച നികുതിയുടെ വിവരങ്ങളും ലഭ്യമാകുന്നില്ല.
നികുതിയുടെ വിവരങ്ങളും ലഭ്യമാകുന്നില്ല. അപേക്ഷിക്കുമ്പോൾ നൽകുന്ന പല വിവരങ്ങളും പെർമിറ്റിൽ ഉൾപ്പെടാതെ പോകുന്നുമുണ്ട്. കെട്ടിടത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലും സോഫ്റ്റ്വെയർ പിഴവു കാട്ടുന്നുണ്ട്.
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ മാത്രമാണ് കെ സ്മാർട് ഫലപ്രദമായി പ്രവർത്തിക്കുന്നത്കെട്ടിട നിർമാണ പെർമിറ്റിനായി ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്താറില്ല.
മറ്റ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഫയൽ എത്തി അവിടെക്കിടക്കും. ഇതു കാരണം, സമർപ്പിക്കുന്ന അപേക്ഷകൾ തീരുമാനമാകാതെ കെട്ടി കിടക്കുകയാണ്. പഞ്ചായത്തുകളിലും കെ സ്മാർട് നടപ്പിലാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നിലവിലെ സംവിധാനത്തിലുള്ള പാളിച്ചകൾ പോലും പരിഹരിക്കാൻ കഴിയാതെ എങ്ങനെ പഞ്ചായത്തിൽ കെ സ്മാർട് നടപ്പിലാക്കുമെന്നാണ് ചോദ്യം.
വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സാധാരണക്കാരാണ് രംഗത്തെത്തുന്നത്.